ഇന്ത്യയില്‍ ഗോരക്ഷകരെന്ന പേരിലുള്ളവരുടെ ആക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതു തടയുന്നതില്‍ സര്‍ക്കാരും പോലീസും പരാജയമാണെന്നും യു.എസ് റിപ്പോര്‍ട്ട്.
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഗോരക്ഷകരെന്ന പേരിലുള്ളവരുടെ ആക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതു തടയുന്നതില്‍ സര്‍ക്കാരും പോലീസും പരാജയമാണെന്നും യു.എസ് റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേരെയാണ് ഗോരക്ഷകരുടെ ആക്രമണങ്ങളെന്നും 2016 മുതലാണ് ഇത് രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാതിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് പറയുന്നത്. ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
29 സംസ്ഥാനങ്ങളില്‍ 24ലും പൂര്‍ണമായോ ഭാഗികമായോ കന്നുകാലി കശാപ്പ് നിയന്ത്രിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തനവും നിരോധിച്ചു. ഗോസംരക്ഷകരുടെ ആക്രമങ്ങള്‍ക്ക് പ്രചാരണം ലഭിച്ചതോടെ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചു.
2015ല്‍ 751 മതപരമായ സംഘര്‍ഷങ്ങളുണ്ടാവുകയും 97 പേര്‍ കൊല്ലപ്പെടുകയും 2264 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ 644 സാമുദായിക സംഘര്‍ഷങ്ങളില്‍ 95 പേര്‍ മരിക്കുകയും 1921 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം 300ഓളം ആക്രമണ പരമ്പരകള്‍ അരങ്ങേറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post A Comment: