കതിരൂര്‍ കേസിലെ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍
കണ്ണൂര്‍: കതിരൂര്‍ കേസിലെ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ ജയരാജനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. ജയരാജനു നേര്‍ക്കുണ്ടായ വധശ്രമമാണ് മനോജിന്റെ കൊലപാതകത്തിനു കാരണമെന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ് എന്നാണ് സി.ബി.ഐയുടെ ആരോപണം. കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. മറ്റ് കൊലയാളികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പയ്യന്നൂരിലെ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി ടി.എ മധുസൂദനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് ഇവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങി 15ലേറെ വകുപ്പുകളാണ് ജയാജനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സി.ബി.ഐ ഇന്ന് സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തില്‍ ജയരാജന്‍ അടക്കം ആറ് പ്രതികളാണുള്ളത്. 19 പ്രതികള്‍ക്കെതിരായ ആദ്യകുറ്റപത്രം നേരത്തെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിക്രമനുമായി അജ്ഞാതനായ ഒരാള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആദ്യകുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഈ അജ്ഞാതന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ വാദം.

Post A Comment: