ഓണ്‍ലൈന്‍ ലോട്ടറി വിഷയത്തില്‍ സി പി എം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.എസ്.ശബരീനാഥ് എം എല്‍ എ പറഞ്ഞു.
മേപ്പയൂര്‍: ഓണ്‍ലൈന്‍ ലോട്ടറി വിഷയത്തില്‍ സി പി എം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.എസ്.ശബരീനാഥ് എം എല്‍ എ പറഞ്ഞു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തില്‍ കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാന ലോട്ടറി മാഫിയകളുമായി സി പി എം നേരത്തെ ധാരണയുണ്ടാക്കുകയും പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്ത ശേഷം ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ പുറത്ത് പറയുന്നത് ജനങ്ങളെ വിഡ്ഡികളാക്കാനാണോയെന്ന് അദ്ദേഹം ചോദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ജി എസ് ടി വഴി ദുരിതമാണ് സര്‍ക്കാര്‍ സമ്മാനിച്ചത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി കേരള ജനതക്ക് കുറ്റമറ്റ രീതിയില്‍ റേഷന്‍ കാര്‍ഡ് പോലും നല്‍കിയില്ല. ഇപ്പൊഴും ലക്ഷക്കണക്കിന് പരാതികളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു. കെപിസിസി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍, രാജേഷ് കീഴരിയൂര്‍ ,സത്യന്‍ കടിയങ്ങാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ.ദാസന്‍, ചുക്കോത്ത് ബാലന്‍നായര്‍,ബി.ഉണ്ണികൃഷ്ണന്‍, സവിത നിരത്തിന്റെ മീത്തല്‍, രജിത കടവത്ത് വളപ്പില്‍, പ്രജേഷ് മനു എന്നിവര്‍ സംസാരിച്ചു.

Post A Comment: