സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട വിദ്യാര്‍ഥികളെ കൊള്ളയടിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന സുപ്രിം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ബാങ്ക് ഗ്യാരന്റി സര്‍ക്കാര്‍ ഉറപ്പാക്കണം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഫീസ് 11 ലക്ഷം രൂപയാക്കി കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സ്വാശ്രയ കേസിലെ കേരളത്തിന്റെ പുന:പരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു. നിലവില്‍ അഞ്ചു ലക്ഷമുണ്ടായിരുന്ന ഫീസാണ് ഒറ്റയടിക്ക് ആറു ലക്ഷമായി വര്‍ധിപ്പിച്ചത്. ഇത് നേരത്തെ അലോട്‌മെന്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

Post A Comment: