ദാനാമാഞ്ജി ആഗ്രഹിച്ചപോലെ അദ്ദേഹത്തിന്റെ ജീവിതം മാറിയെങ്കിലും അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്ന് മകള്‍ക്ക് പരാതിയുണ്ട്


ഭുവനേശ്വര്‍: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന ദാനാമാഞ്ജിയെന്ന ഒഡിഷക്കാരനെ ആരും മറന്നുകാണില്ല. എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാഞ്ജിയുടെ ജീവിതം ആകെ മാറി. അദ്ദേഹത്തിന്റെ ദൈന്യത പത്രമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധിയാളുകള്‍ സഹായവുമായെത്തി. 37 ലക്ഷത്തിലധികം രൂപയാണ് മാഞ്ജിക്ക് ധനസഹായമായി ലഭിച്ചത്. ആ പണം കൊണ്ട് താമസസൗകര്യം മെച്ചപ്പെടുത്തി, മക്കളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കിയശേഷം മാഞ്ജി പുതിയൊരാളെ വിവാഹവും ചെയ്തു. കാലാഹണ്ഡിയില്‍ നിന്ന് മാറി ഇപ്പോള്‍ മെല്‍ഘാരയിലാണ് മാഞ്ജിയുടെ താമസം.

''സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം ലഭിച്ചു. ഇപ്പോള്‍ മാദ്ധ്യമശ്രദ്ധ ലഭിക്കേണ്ടത് എനിക്കല്ല. എന്റെ ഗ്രാമത്തിനാണ്. വെള്ളപ്പൊക്കം ഞങ്ങളുടെ ഗ്രാമത്തെ ആകെ തകര്‍ത്തു കളഞ്ഞു''- മാഞ്ജി പറയുന്നു. ഇന്ദിരാ ആവാസ് യോജനയിലൂടെ സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് ഇപ്പോള്‍ മാഞ്ജിയുടെ താമസം. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസിലാണ് മാഞ്ജിയുടെ പെണ്‍മക്കളായ ചാന്ദ്നി, പ്രമീള, സോനെയി എന്നിവര്‍ പഠിക്കുന്നത്. ആദ്യ ഭാര്യയുടെ മരണശേഷമാണ് അമാംഗയെ മാഞ്ജി വിവാഹം ചെയ്തത്. ക്ഷയരോഗം മൂര്‍ച്ഛിച്ച്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 ന് അമാംഗ മരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടു പോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞുകെട്ടിയ ജഡവുമായി മാഞ്ജി കിലോമീറ്ററുകളോളം നടന്നതാണ് മാദ്ധ്യമശ്രദ്ധ നേടിയത്. അടുത്തിടെയാണ് റായ്ഗഡ് സ്വദേശിനിയായ അല്‍മതി ദേവിയെന്ന 34കാരിയെ മാഞ്ജി വിവാഹം ചെയ്തത്. 


ദാനാമാഞ്ജി ആഗ്രഹിച്ചപോലെ അദ്ദേഹത്തിന്റെ ജീവിതം മാറിയെങ്കിലും അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്ന് മകള്‍ക്ക് പരാതിയുണ്ട്. അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ല - മാജിയുടെ മൂത്ത മകള്‍ചാന്ദ്നി പറഞ്ഞു.

Post A Comment: