അധികാരത്തിലെത്തി നാലാം വര്‍ഷത്തിലേക്കു കടന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അവശേഷിക്കുന്ന ഭരണകാലത്ത് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: അധികാരത്തിലെത്തി നാലാം വര്‍ഷത്തിലേക്കു കടന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അവശേഷിക്കുന്ന ഭരണകാലത്ത് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍
പരിഷ്‌കാരങ്ങള്‍ക്കു പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാനുമാകും ശ്രമിക്കുകയെന്ന് ബാര്‍ക്ലെയ്‌സ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സിദ്ധാര്‍ഥ സന്യാല്‍ വിലയിരുത്തുന്നു.
വാരന്ത്യക്കുറിപ്പിലാണ് സിദ്ധാര്‍ഥയുടെ പരാമര്‍ശം. നിലവില്‍ ആരംഭിച്ചിട്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെയും ഗുണഫലം ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാകും സര്‍ക്കാര്‍ നടത്തുക.
ഭരണനിര്‍വഹണ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കാകും ഇത്തരത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സാധ്യത. വമ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നു വിലയിരുത്തപ്പെടുന്നു. 2014 മുതല്‍ കടുത്ത പരിഷ്‌കാരങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്.
എങ്കിലും 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാകും ഇനി മോദി നടപ്പാക്കുക. ബിജെപിയുടെ ദേശീയതാവാദത്തെ മുന്‍നിര്‍ത്തിയാകും 2019 തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നും സന്യാല്‍ വിലയിരുത്തുന്നു.
അഴിമതി ഇല്ലാതാക്കല്‍, ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ എങ്ങനെ സാധാരണക്കാരനെ സഹായിച്ചു എന്ന കാര്യം കൂടുതലാളുകളിലേക്ക് എത്തിക്കുക എന്നീ കാര്യങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സന്യാല്‍ സമര്‍ഥിക്കുന്നു.

Post A Comment: