മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളില്‍ പ്രധാനിയായ ഇസ്രത് ജഹാന് നേരെ സാമൂഹ്യവിലക്കും സ്വഭാവഹത്യയും നടക്കുന്നതായി ആരോപണം

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളില്‍ പ്രധാനിയായ ഇസ്രത് ജഹാന് നേരെ സാമൂഹ്യവിലക്കും സ്വഭാവഹത്യയും നടക്കുന്നതായി ആരോപണം. തന്റെ സ്വഭാവം ചീത്തയാണെന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇസ്രത് ജഹാന്‍ പറഞ്ഞു.

കൂടാതെ, തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകയായ നാസിയ ഇലാഹി ഖാന് എതിരെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്നുണ്ടെന്നും ഇസ്രത് ആരോപിച്ചു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്നും നീതിക്കായും ലിംഗതുല്യതയ്ക്കായും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ഇസ്രത് ജഹാന്‍ വ്യക്തമാക്കി. 


ബംഗാളിലെ ഹൗറ സ്വദേശിയാണ് ഇസ്രത്ത്. സ്ത്രീധനമായി ലഭിച്ച പണം ഉപയോഗിച്ച്‌ ഭര്‍ത്താവ് 2004ല്‍ വാങ്ങിയ വീട്ടിലാണ് താമസം. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യം ഭര്‍ത്താവ് ദുബായിലിരിക്കെ മൊബൈലിലൂടെയാണ് മൊഴി ചൊല്ലി അവസാനിപ്പിച്ചത്. തുടര്‍ന്നാണ് ഇസ്രത് മുത്തലാഖിനെതിരായ നിയമ പോരാട്ടം ആരംഭിച്ചത്. ഭര്‍ത്താവിന്റെ മൂത്ത സഹോദരനും കുടുംബവും ഇവരോടൊപ്പം ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

Post A Comment: