ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണെന്നാണ് തമിഴകത്തെ സംസാരം

2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്‍റെ നായികയായി അരങ്ങേറ്റം കുറിച്ച നയന്‍സ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മുട്ടി എന്നിവരോടൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, തസ്ക്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച്‌ തമിഴിലേക്ക് കുടിയേറുകയായിരുന്നു.
തമിഴകത്ത് ആദ്യ നായകന്‍ ശരത് കുമാറായിരുന്നുവെങ്കിലും നയന്‍സിന്‍റെ തലവര മാറ്റിയത് സാക്ഷാല്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ചന്ദ്രമുഖിയിലൂടെയായിരുന്നു. വമ്പന്‍ ഹിറ്റായ ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ താരറാണിപ്പട്ടമാണ് നയന്‍താര സ്വന്തമാക്കിയത്.
യുവ താരങ്ങളായ വിജയ് അജിത്ത് തുടങ്ങി പുതുതലമുറയിലെ ശിവ കാര്‍ത്തികേയന്‍റെ വരെ നായികയായി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണവര്‍.
ഗജനി, ബില്ല, യാരടീ നീ മോഹിനി എന്നീ ചിത്രങ്ങള്‍ അവരുടെ താരസിംഹാസനം ഉറപ്പിച്ചു നിര്‍ത്താന്‍ ഏറെ സഹായകരമായ സിനിമകളാണ്. ഇതുവരെ മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി 60 ഓളം സിനിമകളിലാണ് നായികയായി നയന്‍താര അഭിനയിച്ചിട്ടുള്ളത്.
ഒരു സിനിമയ്ക്ക് മലയാളത്തില്‍ ഒരു കോടിയാണ് ഇപ്പോള്‍ പ്രതിഫലമെങ്കില്‍ തമിഴ്തെലുങ്ക് വിപണിയില്‍ 2.50 കോടി മുതല്‍ 3 കോടി വരെയാണ് പ്രതിഫലം.
പരസ്യവിപണിയിലും തെന്നിന്ത്യയിലെ മറ്റൊരു നായികയ്ക്കും ലഭിക്കാത്ത പ്രതിഫലമാണ് നയന്‍സിന് ലഭിക്കുന്നത്. അടുത്തയിടെ അഭിനയിച്ച ടാറ്റാ സ്കൈയുടെ പരസ്യചിത്രത്തിന് അഞ്ച് കോടി രൂപയാണ് അവര്‍ പ്രതിഫലം വാങ്ങിയത്.
തിരുവല്ല സ്വദേശിയായ ഡയാന മറിയ കുര്യന്‍ എന്ന നയന്‍താര 2011 ആഗസ്റ്റ് 7ന് ഹിന്ദുമതം സ്വീകരിക്കുകയുണ്ടായി. സംവിധായകന്‍ പ്രഭുദേവയുമായുള്ള വിവാഹം മുന്‍നിര്‍ത്തിയാണ് മതം മാറ്റമെന്നായിരുന്നു വാര്‍ത്തകള്‍.
പിന്നീട് പ്രണയം തകര്‍ന്നതോടെ വീണ്ടും നയന്‍സ് സിനിമാരംഗത്ത് സജീവമാകുകയായിരന്നു. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണെന്നാണ് തമിഴകത്തെ സംസാരം.

Post A Comment: