മുഖ്യമന്ത്രിയുടെ മാധ്യമ പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.ദില്ലി: മുഖ്യമന്ത്രിയുടെ മാധ്യമ പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ രോഷ പ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം കുറ്റപ്പെടുത്തി.
ഗവര്‍ണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയും ശരിയായില്ലെന്ന് കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സിപിഎം എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
മാത്രമല്ല, സര്‍വ കക്ഷിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചതെന്ന  പ്രതീതി ഉണ്ടാക്കിയത് ശരിയായില്ലെന്നും  കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു.
തിരുവനന്തപുരം നഗരത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്ത് സംസാരിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് എന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായിരുന്നു.

Post A Comment: