വനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത് ദിലീപിന്റെ പരാതിയും അന്വേഷിച്ചുവെന്ന് വരുത്താന്‍


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത് ദിലീപിന്റെ പരാതിയും അന്വേഷിച്ചുവെന്ന് വരുത്താന്‍. ദിലീപ് ആരോപണം ഉന്നയിച്ച പൃഥ്വി രാജ്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ പരാതിയില്‍ പോലീസിന് ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ വാദം പൊളിക്കാന്‍ തന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്ന വാദം ദിലീപ് ഉയര്‍ത്തും. ഇത് മനസ്സിലാക്കിയാണ് ശ്രീകുമാര്‍ നായരെ പോലീസ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ നായരെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന്‍ ദിലീപ് മൊഴി നല്‍കിയിരുന്നു. ആലുവ പോലീസ് ക്ലബില്‍ രണ്ടു മണിക്കൂറോളം  ശ്രീകുമാറിന്റെ മൊഴിയെടുക്കല്‍ നീണ്ടു. പൃഥ്വിയേയും പൂര്‍ണ്ണിമയേയും ആന്റണി പെരുമ്പാവൂരിനേയും ചോദ്യം ചെയ്യുന്നതും പോലീസിന്റെ പരിഗണനയിലാണ്. ഇവര്‍ക്കെതിരെ പോലീസിന് ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് മൊഴിയെടുക്കല്‍ ഫോണില്‍ ആക്കാനും സാധ്യതയുണ്ട്.

തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. മുംബൈ കേന്ദ്രമാക്കിയാണ് ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചു വരുത്തിയത്. മഞ്ജു വാര്യരുമായി തനിക്ക് ഉള്ളത് പ്രൊഫഷണല്‍ ബന്ധമാണെന്ന് ശ്രീകുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. മറിച്ചുള്ള പ്രചരണമെല്ലാം വ്യാജമാണ്. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് മാനസിക പിന്തുണ നല്‍കിയ സിനിമാക്കാര്‍ക്കൊപ്പം താനുമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അടിസ്ഥാന രഹിതമായ വാദങ്ങള്‍ ദിലീപ് ഉയര്‍ത്തുന്നതെന്നും ശ്രീകുമാര്‍ മൊഴി നല്‍കി.
.

Post A Comment: