പോഷകാഹാര കുറവ്മൂലം ദുരിതമനുഭവിക്കുന്ന യമനില്‍ കോളറ വ്യാപനം മൂലം ഒരു മില്യണിലധികം കുട്ടികള്‍ ഭീഷണിയിലാണെന്നു റിപ്പോര്‍ട്ട്.
റിയാദ്: പോഷകാഹാര കുറവ്മൂലം ദുരിതമനുഭവിക്കുന്ന യമനില്‍ കോളറ വ്യാപനം മൂലം ഒരു മില്യണിലധികം കുട്ടികള്‍ ഭീഷണിയിലാണെന്നു റിപ്പോര്‍ട്ട്. ഗുരുതരമായ സാഹചര്യം നേരിടുന്ന കുട്ടികളില്‍ അഞ്ചു വയസ്സിനു താഴെയുള്ളവരാണ് ഉള്‍പ്പെടുന്നതെന്നു സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന വ്യക്തമാക്കി.
ആരോഗ്യ സംഘടനകള്‍ ദുരിത ബാധിത പ്രദേശത്തേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച കോളറ രോഗത്താല്‍ ഇതിനകം 1900 ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍.
പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 44 ശതമാനമാണ് കോളറ രോഗത്തിന് അടിമപ്പെട്ടു കഴിയുന്നത്. യുദ്ധം മൂലം ദുരിതത്തിലായ യമനില്‍ പോഷകാഹാരക്കുറവും സാമ്പത്തിക പ്രതിസന്ധിക്കുമൊപ്പം കോളറ കൂടി പടരുന്നത് ഭീതിജനകമാണെന്നു രാജ്യത്തെ സേവ് ചില്‍ഡ്രന്‍ ഡയറക്റ്റര്‍ താമിര്‍ കിര്‍ലോസ് പറഞ്ഞു. ഇവിടുത്തെ ആശുപത്രികളും ക്ലിനിക്കുകളും യുദ്ധത്തില്‍ തകര്‍ന്ന ഗവണ്മെന്റ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷത്തിലധിമായി ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, യമനില്‍ കോളറ ബാധിതരെ ചികിത്സിക്കുന്നതിന് 125 മില്ല്യണ്‍ റിയാല്‍ സഹായം നല്‍കാന്‍ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. യൂനിസെഫിന്‍റെ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന നല്‍കുന്നത്.
കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 250 മില്ല്യണ്‍ റിയാല്‍ കിരീടാവകാശി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ ഗഡു 125 മില്ല്യണ്‍ റിയാല്‍ കൈമാറുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ്‌ റിലീഫ് സെന്‍റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോക്ടര്‍ അബ്ദുല്ല അല്‍ റബീഅയും യൂനിസെഫ് ഗള്‍ഫ് പ്രതിനിധി ഷാഹിദ അസ്ഫറുമാണ് കരാറില്‍ ഒപ്പുവെച്ചത്.കൂടാതെ, ദുരിതം നേരിടുന്ന യമന്‍ ജനതക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് റിലീഫ് സെന്റര്‍ 550 ടണ്‍ മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്‍കിയിരുന്നു.

Post A Comment: