500 രൂപയുടെ രണ്ടുതരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാണിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ദില്ലി: 500 രൂപയുടെ രണ്ടുതരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാണിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലാണ് രാജ്യസഭയില്‍ രണ്ടുവ്യത്യസ്ത തരത്തിലുള്ള 500 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയെന്ന് ആരോപിച്ചത്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം സഭനിര്‍ത്തി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്നു ഇന്നു ഞങ്ങള്‍ മനസിലാക്കി. റിസര്‍വ് ബാങ്ക് രണ്ടുതരത്തിലുള്ള 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നു. അതും വ്യത്യസ്ത രൂപകല്‍പനയില്‍. ഇതെങ്ങനെ സംഭവിച്ചു? കബില്‍ സിബല്‍ ചോദിച്ചു. വ്യത്യസ്ത തരത്തിലുള്ള രണ്ടു നോട്ടുകളുടെ പ്ലക്കാര്‍ഡും സിബല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി.
യുപിഎ ഒരിക്കലും രണ്ടുതരത്തിലുള്ള നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നു ഗുലാംനബി ആസാദ് വ്യക്തമാക്കി. ഇത് ഒന്നു പാര്‍ട്ടിക്കും മറ്റേത് സര്‍ക്കാറിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ നിരുത്തരവാദപരമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

Post A Comment: