മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകായുക്ത
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകായുക്ത. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം.
മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി വാങ്ങിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ അഞ്ചു കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.
കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയത്. കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിക്കൊടുക്കാന്‍ വേണ്ടി 5.6 കോടി രൂപ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനു കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.
പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരനു നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. ചെര്‍പ്പുളശ്ശേരിയില്‍ തുടങ്ങുന്ന മറ്റൊരു മെഡിക്കല്‍ കോളജിനായി നടന്ന സമാന ഇടപാടില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
ബി.ജെ.പി നേതാക്കളായ കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പെടുന്ന കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പണം കൊടുത്തിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ സ്ഥാപന ഉടമ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇവരെ കമ്മീഷനായി നിയമിച്ചത്.Post A Comment: