ഗുരുവായൂരിലെ കല്യാണ മണ്ഡപത്തില്‍ നിന്ന് താലിയൂരി വരനെയേല്‍പ്പിച്ച് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയ കണക്കിനു കൊടുത്തു

ഗുരുവായൂരിലെ കല്യാണ മണ്ഡപത്തില്‍ നിന്ന് താലിയൂരി വരനെയേല്‍പ്പിച്ച് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയ കണക്കിനു കൊടുത്തു. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ട അപമാനവും വേദനയും ഒറ്റപ്പെടലും പെണ്‍കുട്ടി ഇതിനകം അനുഭവിച്ചു കഴിഞ്ഞു
കതിര്‍മണ്ഡപം വരെ കാര്യങ്ങളെത്തിച്ചിട്ട് ഒടുവില്‍ താലികെട്ട് കഴിഞ്ഞപ്പോള്‍ കാമുകനൊപ്പം പോയ പെണ്ണിനെ തങ്ങള്‍ക്കറിയാവുന്ന മുഴുവന്‍ തെറിയും വിളിച്ചാണ് സോഷ്യല്‍ മീഡിയ അപമാനിച്ചത്.
എന്നാല്‍ ഇങ്ങനെ കൊലവിളി നടത്തരുതെന്നും അവള്‍ വെറും 19 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്നും തന്‍റെ പ്രണയം അവള്‍ വരനടക്കം എല്ലാവരെയും അറിയിച്ചതാണെന്നും എന്നാല്‍ ആരും അവളുടെ കൂടെ നിന്നില്ലെന്നും ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്‌സ് ബുക്ക് ശ്രദ്ധേയമായിരുന്നു. ബഹളത്തിനിടയ്ക്ക് ഈ പോസ്റ്റ് അധികമാരും ശ്രദ്ധിച്ചില്ലെന്നതാണ് വാസ്തവം
എന്നാല്‍ വിഷയം വിവാദമായപ്പോള്‍ ഭയന്ന് ഒളിവില്‍ പോയെന്ന് പറഞ്ഞ ആ കാമുകന്‍ ഞാനാണെന്ന് പറഞ്ഞുകൊണ്ട് അഭിജിത് എന്ന യുവാവ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം അവളുടെ അമ്മയ്ക്കറിയാം. എന്നാല്‍ പെട്ടന്ന് അവള്‍ക്ക് കല്യാണം ആലോചിക്കുകയായിരുന്നു. ഞങ്ങളത് മുടക്കാന്‍ നോക്കി
എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ഞാന്‍ എന്ത് ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ ഇറക്കിക്കൊണ്ടു വരുന്നത്?
അതുകൊണ്ട് ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് കല്യാണം കഴിക്കാന്‍ വന്ന ഷിജിലിനെ അറിയിച്ചു. എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറക്കാനായിരുന്നു അയാളുടെ മറുപടി. അയാളുടെ ലക്ഷ്യം സ്ത്രീധനമായി കിട്ടുന്ന 75 പവനായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. ഒടുവില്‍ എന്ത് വേണമെന്ന് അറിയാതായി. നിസ്സഹായനായതിനാല്‍ എനിക്കാ കല്യാണം മുടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള്‍ എല്ലാ വഴികളും നോക്കി. ആ കല്യാണ മണ്ഡപത്തില്‍ പോയെങ്കിലും കെട്ട് കഴിഞ്ഞപ്പോള്‍ എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടുന്നു പോന്നതിനു ശേഷമാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം നടന്നത്
എല്ലാവരും അവളെ ഒറ്റപ്പെടുത്തി. വരന്‍റെ അമ്മാവന്‍ ചെരിപ്പൂരി അവളെ അടിച്ചു. സംഘര്‍ഷമായി. ഒടുവില്‍ 8 ലക്ഷം കൊടുക്കാമെന്ന ഒത്തു തീര്‍പ്പില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അന്ന വൈകുന്നേരം അവളുടെ അച്ഛന്‍ എന്‍റെ  മാതാപിതാക്കളെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. എന്‍റെ  പഠനം കഴിഞ്ഞാലുടന്‍ വിവാഹം നടത്താമെന്നുറപ്പിച്ചു.
സത്യം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിത്തുടങ്ങിയിട്ടും വിഷയത്തെ സംബന്ധിച്ച് ഷെയര്‍ ചെയ്ത അപകീര്‍ത്തികരമായ പോസ്റ്റുകളും ട്രോളുകളും പെണ്‍കുട്ടിയുടെ ചിത്രങ്ങളും പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ല. ഇതിനിടയില്‍ തന്നെ വേണ്ടെന്നു വെച്ച പെണ്‍കുട്ടിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിജില്‍ എന്ന യുവാവ് വധുവില്ലാതെ റിസപ്ഷന്‍ ആഘോഷിച്ച ചിത്രങ്ങള്‍ പങ്കു വെച്ചതെന്നും അഭിജിത് പ്രതികരിച്ചിരുന്നു. ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന് എന്ന കുറിപ്പോടെയാണ് ഷിജില്‍ പോസ്റ്റ് ചെയ്തിരുന്നത്
സാധാരണ പ്രണയിച്ചവരെ മറന്ന് പെട്ടന്നൊരു ദിവസം മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിന് സമ്മതം മൂളുകയും പിന്നീട് പഴയതെല്ലാം മറക്കുകയും ചെയ്യുമ്പോഴാണ് പെണ്‍കുട്ടികള്‍ തേപ്പുകാരികളും വഞ്ചകികളുമായി ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ പ്രണയത്തിനായി അവസാന നിമിഷം വരെ ശ്രമിക്കുകയും അപമാനിക്കപ്പെട്ടിട്ടും പിന്‍മാറാതിരിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഒരു പെണ്‍കുട്ടി ക്രൂശിക്കപ്പെടുന്നത്.


Post A Comment: