ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയമായ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒളിവില്‍.
കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയമായ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒളിവില്‍. പോലീസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയതോടെ അറസ്റ്റുണ്ടാകുമെന്ന ആശങ്ക പരന്നതോടെയാണ് കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രകളില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഡോക്ടര്‍മാര്‍ മുങ്ങിയത്. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി രണ്ടാം ഘട്ടത്തില്‍ അന്വേഷണ സംഘം എത്തിയപ്പോള്‍ അവരുമായി സഹകരിക്കാതെ മാറി നിന്ന ഡോക്ടര്‍മാര്‍ വരാതിരുന്നതിന് മറ്റ് ചില കാരണങ്ങളാണ് ആശുപത്രി അധികൃതര്‍ നിരത്തിയത്. ചിലരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായില്ല. സി സി ടി വി ദൃശ്യങ്ങളും, ആശുപത്രി രേഖകളും ,അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും ഉള്‍പ്പടെയാണ് പോലീസ് ശേഖരിച്ചത്. ഇനി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിയമോപദേശം തേടുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്. അറസ്റ്റ് ഒഴിവാകുന്നതിന് പ്രത്യേകിച്ച്‌ സാഹചര്യമൊന്നും കാണുന്നില്ലെന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതേസമയം, ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

Post A Comment: