അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നതിനിടെ ബോക്‌സിങ് റിങ്ങില്‍ നടന്ന ഇന്ത്യ-ചൈന പോരാട്ടം

മുംബൈ : അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നതിനിടെ ബോക്‌സിങ് റിങ്ങില്‍ നടന്ന ഇന്ത്യ-ചൈന പോരാട്ടം ഏറെ ശ്രദ്ധയോടെയാണ് എല്ലാവരും വീക്ഷിച്ചത്. പ്രൊഫഷണല്‍ ബോക്‌സിങ്ങിലെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൈനീസ് താരം സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ മലയര്‍ത്തിയടിച്ച് ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങ് നേടുകയും ചെയ്തു. ൯*9ഈ വിജയത്തെ ഇന്ത്യ-ചൈന വൈരുദ്ധ്യം കൂടി കൂട്ടിക്കലര്‍ത്തിയാണ് എല്ലാവരും ആഘോഷിച്ചത്.
എന്നാല്‍ ഇതിനെതിരെ വിജേന്ദര്‍ സിങ്ങ് തന്നെ രംഗത്തെത്തി. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുള്ള സംഘര്‍ഷം കൂട്ടാന്‍ താല്‍പര്യമില്ലെന്നും ചാമ്പ്യന്‍ പട്ടം തനിക്ക് വേണ്ടെന്നും വിജേന്ദര്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയമാണ് മുംബൈയില്‍ വിജേന്ദര്‍ കുറിച്ചത്. ജയത്തോടെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നിലനിര്‍ത്താനും ഓറിയന്‍റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നേടാനും ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ വിജേന്ദറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ടൈറ്റിലുകള്‍ തനിക്ക് വേണ്ടെന്നാണ് വിജേന്ദര്‍ മത്സരശേഷം പ്രതികരിച്ചത്.
”ഈ വിജയബെല്‍റ്റുകള്‍ തിരിച്ചു നല്‍കി ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷം കുറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇതു തന്നെയാണ് എനിക്ക് രാജ്യത്തിന് നല്‍കാനുള്ള സന്ദേശവും” വിജേന്ദര്‍ പ്രതികരിച്ചു.
മത്സരത്തിനിടെ മൂക്കില്‍ നിന്ന് ചോര വന്നെങ്കിലും റിങ് വിടാന്‍ ഇന്ത്യന്‍ താരം തയ്യാറായില്ല. കനത്ത പോരാട്ടത്തില്‍ 96-93, 95-94, 95-94 എന്ന സ്‌കോറിനാണ് വിജേന്ദര്‍ ചാമ്പ്യനായത്.

Post A Comment: