ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തന്റെ വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ബി.സി.സിഐ ഏര്‍പ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി പോലീസ് ശേഖരിച്ചുനല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ തനിക്കെതിരേ നടപടിയെടുത്തതെന്നും പോലീസിന്റെ കണ്ടെത്തലുകള്‍ കോടതി തള്ളിയ സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
വിലക്ക് നീക്കാന്‍ രണ്ടുതവണ അപേക്ഷ നല്‍കിയിട്ടും ബി.സി.സി.ഐ നടപടിയെടുത്തില്ല. സ്കോട്ട്ലന്റിലെ ഗ്ളെന്റോത്ത്സ് ക്ലബിനുവേണ്ടി പ്രിമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണിച്ചിരുന്നു. ഏപ്രില്‍ ആദ്യവാരം തുടങ്ങുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)ന് അപേക്ഷിച്ചെങ്കിലും ബി.സി.സി.ഐ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിട്ടത്.
ആജീവനാന്ത ക്രിക്കറ്റ് വിലക്ക് റദ്ദാക്കണമെന്നും സ്കോട്ട്ലന്റ് ലീഗില്‍ കളിക്കാന്‍ എന്‍ഒസി നല്‍കാന്‍ ബി.സി.സി.ഐയോട് നിര്‍ദ്ദേശിക്കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബി.സി.സി.ഐ അദ്ദേഹത്തിന് ക്രിക്കറ്റില്‍നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
ഐ.പി.എല്‍ മല്‍സരങ്ങളില്‍ ഒത്തുകളി നടത്തിയെന്നാരോപിച്ച്‌ ശ്രീശാന്തിനെ 2013 മെയ് 16 നാണ് മുംബൈയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിനെ കളിക്കുന്നതില്‍നിന്നും സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും തടഞ്ഞിരുന്നു.
ഒത്തുകളി ആരോപിച്ച്‌ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്‌ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍നിന്ന് പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

Post A Comment: