ഒന്നര വയസുകാരിയെ അമ്മയും ഫെയ്‌സ്ബുക്ക് കാമുകനും കൂടി മര്‍ദ്ദിച്ചവശയാക്കി.
കൊച്ചി: ഒന്നര വയസുകാരിയെ അമ്മയും ഫെയ്‌സ്ബുക്ക് കാമുകനും കൂടി മര്‍ദ്ദിച്ചവശയാക്കി. കുട്ടിയുടെ മുഖം പൊള്ളലേറ്റിരിക്കുന്നു, ദേഹത്ത് കടികൊണ്ട് തൊലി പോയ 13 പാടുകളും ഉണ്ടായിരുന്നു, തോളെല്ല് ഒടിഞ്ഞിരിക്കുകയാണ്. കൈയിലും കാലിലും വ്രണം പൊട്ടി ഉണങ്ങിയ പാടുകളുമുണ്ടായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഈ കുഞ്ഞ്. ഫോര്‍ട്ട്‌കൊച്ചിയില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് ഉപദ്രവത്തിന് ഇരയായത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. യുവതിയും കാമുകനും ഇപ്പോള്‍ ഒളിവിലാണ്.

കഴിഞ്ഞ മാസം 22നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെയും കൊണ്ടിറങ്ങിയ യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി. യുവതി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ജുനൈദ് എന്ന യുവാവിനൊപ്പം കഴിയുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ യുവതിയുടെ പിതാവിനൊപ്പം വിട്ടു. രണ്ടു ദിവസം തികയും മുമ്പേ കുട്ടിയെയും കൊണ്ട് യുവതി കോഴിക്കോട്ടേക്കു പോയി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് യുവതി കുട്ടിയെ തന്റെ വീട്ടിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ വന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഭര്‍ത്താവ് കുട്ടിയുടെ ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ ഫോണ്‍ വഴിയുള്ള ബന്ധം അനൂപ് എട്ട് മാസം മുമ്പേ പിടിക്കുകയും ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ തിരികെ കിട്ടിയതോടെ യുവതി പിന്നെയും പഴയ ബന്ധം തുടര്‍ന്നു. കുട്ടിയെ ഇനി യുവതിയെയോ അവരുടെ വീട്ടുകാരെയോ ഏല്പിക്കില്ലെന്നാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് പറയുന്നത്. ഇയാള്‍ക്ക് 6 വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്. ചൈല്‍ഡ് ലൈന്‍ കേസെടുത്തിട്ടുണ്ട്. വനിത സ്റ്റേഷന്‍ എസ്.ഐ. എത്തി ഇവരുടെ മൊഴിയെടുത്തു.

Post A Comment: