പാതവക്കില്‍ ദുരിതമനുഭവിച്ചു കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശികളായ കുടുംബത്തിനു താങ്ങായി കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി
എരുമപ്പെട്ടി: പാതവക്കില്‍ ദുരിതമനുഭവിച്ചു കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശികളായ കുടുംബത്തിനു താങ്ങായി കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. താല്‍ക്കാലിക താമസസ്ഥലം ഒരുക്കിയാണ് അയല്‍ സംസ്ഥാന കുടുംബത്തോട് ഭരണസമിതി കരുണ കാണിച്ചത്.
വെള്ളറക്കാട് കൊല്ലന്‍പടിയില്‍ റോഡരികില്‍ വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷെഡ്ഡിനുള്ളിലാണ് പത്തുപേരടങ്ങുന്ന ആന്ധ്രാ സ്വദേശികള്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഭര്‍ത്താവും എട്ടു കുട്ടികളുമടങ്ങിയ പത്തംഗ കുടുംബം മൂന്നുവര്‍ഷം മുന്‍പാണ് ഇവിടെ താമസമാരംഭിച്ചത്. കല്ലുകൊത്ത് തൊഴിലിനെത്തിയ കുടുംബം കരിങ്കല്‍ക്വാറികളിലും തൊഴില്‍ മേഖലയിലും പ്രതിസന്ധി നേരിട്ടതോടെ കഷ്ടപ്പാടിലാവുകയായിരുന്നു. വരുമാനമില്ലാതായതോടെ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിയുംവന്നു. അതിനുശേഷം റോഡരികില്‍ ടാര്‍പോളിനും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡ്ഡില്‍ താമസമാരംഭിക്കുകയായിരുന്നു.
വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയും സന്മനസുള്ളവര്‍ നല്‍കുന്ന സഹായങ്ങളുമാണ് ഈ നിരാശ്രയ കുടുംബത്തിന്റെ അടുപ്പു പുകയിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബം താമസിക്കുന്ന വീട് ഒട്ടും സുരക്ഷിതമായിരുന്നില്ല. ഇവരുടെ ദുരിതജീവിതം കണ്ടറിഞ്ഞ പഞ്ചായത്ത് ഭരണസമിതി സംരക്ഷണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 1995ല്‍ ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച എയ്യാല്‍ അന്‍പത്‌വീട് ലക്ഷംവീട് കോളനിയില്‍ ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ താമസസൗകര്യം ഒരുക്കി ഇവരെ മാറ്റിപ്പാര്‍പ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ചെയര്‍മാന്‍ ടി.പി ജോസഫ്, അംഗങ്ങളായ ജലീല്‍ ആദൂര്‍, സന്ധ്യ ബാലകൃഷ്ണന്‍, കെ.കെ മണി, കെ.ആര്‍ സിമി എന്നിവരെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവര്‍ക്കു സ്ഥലവും വീടും ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് രമണി രാജന്‍ അറിയിച്ചു.

 

Post A Comment: