അണ്ണാ ഡിഎംകെ പനീര്‍സെല്‍വം വിഭാഗത്തിന്റെ നിര്‍ണായക യോഗം വൈകുന്നേരം ചേരുന്നതിനു മുന്നോടിയായി എടപ്പാടി പളനിസാമി വിഭാഗത്തിലെ പ്രമുഖര്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: അണ്ണാ ഡിഎംകെ പനീര്‍സെല്‍വം വിഭാഗത്തിന്റെ നിര്‍ണായക യോഗം വൈകുന്നേരം ചേരുന്നതിനു മുന്നോടിയായി എടപ്പാടി പളനിസാമി വിഭാഗത്തിലെ പ്രമുഖര്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തിയത്. ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലയനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പനീര്‍സെല്‍വം യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് ടി.ടി.വി. ദിനകരന്‍ അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍നിന്നും ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലേക്കു പനീര്‍സെല്‍വം വിഭാഗം മാറുമോ എന്നാണ് ഇന്നു പ്രധാനമായും അറിയേണ്ടത്. ഒപിഎസ് വിഭാഗത്തില്‍നിന്നും കെ.പി. മുനുസാമി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തെങ്കിലും മാഫ പാണ്ഡ്യരാജന്‍ സ്വാഗതം ചെയ്തു. തര്‍ക്കമൊഴിവാക്കി ഏകാഭിപ്രായം രൂപീകരിക്കാനാവും ഒപിഎസ് ശ്രമിക്കുക. എന്തായാലും ലയനം സംബന്ധിച്ച് അടുത്ത കരു നീക്കേണ്ടത് പനീര്‍സെല്‍വം വിഭാഗമാണ്. അതിനായുള്ള കാത്തിരിപ്പാണ് എടപ്പാടി ക്യാംപില്‍. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കുന്ന കാര്യത്തിലും തര്‍ക്കം ഉടലെടുത്തു. അന്തരാവകാശികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദര പുത്രന്‍ ദീപക്ക് മുഖ്യമന്ത്രിക്കു കത്തയച്ചു.

Post A Comment: