രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി
മുംബൈ: രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി.
ലാസല്‍ഗാവ് മൊത്ത വിപണിയില്‍ ശനിയാഴ്ച ക്വിന്റലിന് 2,300 രുപയ്ക്കാണ് സവാള വിറ്റത്. വ്യാഴാഴ്ച വരെ 1,200 രൂപയ്ക്കു കച്ചവടം നടന്ന സ്ഥാനത്താണിത്. ജൂലായ് ആദ്യം ക്വിന്റലിന് 500 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ക്വിന്റലിന് ശരാശരി 1,000 രൂപയായിരുന്നു വില.
രാജ്യത്ത് ഏറ്റവുമധികം ഉള്ളിയുല്‍പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉല്‍പാദനം തീരെ കുറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചു. അതിനാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയെയാണ് രാജ്യം ആശ്രയിക്കുന്നത്. ലാസല്‍ഗാവ് വിപണിയായിരിക്കും വരും മാസങ്ങളില്‍ ഉള്ളിവില നിര്‍ണയിക്കുക. ഇതു മുന്‍കൂട്ടിക്കണ്ട് വ്യാപാരികളും ചില കര്‍ഷകരും ഉള്ളി പൂഴ്ത്തിവെച്ചതും വിലവര്‍ധനയ്ക്ക് കാരണമായി.

മഹാരാഷ്ട്രയില്‍ നാസിക്കിലാണ് പ്രധാനമായും ഉള്ളിക്കൃഷി. രണ്ടുവര്‍ഷവും വില കുറവായിരുന്നതു കാരണം ഇവിടത്തെ കര്‍ഷകര്‍ കുറേക്കൂടി ലാഭകരമായ മുന്തിരിയിലേക്കും മാതളത്തിലേക്കും തിരിയുകയാണ്. നാസിക്കില്‍ ഉള്ളിക്കൃഷിയിടത്തിന്റെ വിസ്തൃതി ഈ വര്‍ഷം 40 ശതമാനത്തോളം കുറഞ്ഞു.


Post A Comment: