രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചു എന്ന കാരണത്താല്‍ കേസില്‍ അകപ്പെട്ട മലയാളി നഴ്സിന് ജാമ്യം ലഭിച്ചു

രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചു എന്ന കാരണത്താല്‍ കേസില്‍ അകപ്പെട്ട മലയാളി നഴ്സിന് ജാമ്യം ലഭിച്ചു. ഇടുക്കി സ്വദേശി എബിന്‍ തോമസിനാണ് വിചാരണ കോടതി ആറുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് കുവൈത്തി നാട് കടത്തപ്പെട്ട ഒരു ബംഗ്ലാദേശ് സ്വദേശി വീണ്ടും കുവൈത്തില്‍ തിരിച്ചെത്തുകയും എബിന്‍ ജോലി ചെയ്ത ലാബില്‍ മെഡിക്കല്‍ പരിശോധനക്ക് വരികയും ആ പരിശോധനയില്‍ കൃത്തിമത്തം നടന്നു എന്ന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ ബോധ്യമാകുകയും ചെയ്തിരുന്നു.
എന്നാല്‍ രക്ത സാമ്പിളുകള്‍ പരിശോധനക്കായി പ്രധാന ലാബിലേക്ക് കൊണ്ട് പോകും വഴി രോഗ ബാധിതനായ ബംഗ്ലാദേശ്  സ്വദേശി മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ബംഗ്ലാദേശുകാരനായ ഡ്രൈവറെ സ്വാധീനിച്ച് രക്ത സാമ്പിള്‍ മാറ്റുകയായിരുന്നു എന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച അന്വേഷണ ആരംഭഘട്ടത്തില്‍ തന്നെ ഇവര്‍ കുവൈത്തില്‍ നിന്നും കടന്നു കളയുകയായിരുന്നു. എന്നാല്‍ അന്വേഷണ സംഘം എബിനും ഈ റാക്കറ്റിന്റെ ഭാഗമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് ജയിലിലടക്കുകയായിരുന്നു. ജാമ്യത്തിന് വേണ്ടി നിരവധി ശ്രമങ്ങള്‍ മുന്‍പ് നടത്തിയെങ്കിലും ഇന്നലെയാണ് വിചാരണക്കോടതി എബിന് ജാമ്യം അനുവദിച്ചത്. കേസ് കോടതി ഒക്ടോബര്‍ മാസത്തില്‍ വീണ്ടും പരിഗണിക്കും.

Post A Comment: