സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളെ സഹായിക്കുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളെ സഹായിക്കുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. നീറ്റ് പരീക്ഷാഫലം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിലാണ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചത്.
85 ശതമാനം സീറ്റിനും പ്രവേശനാധികാരം സര്‍ക്കാറിന് ലഭിച്ചിട്ടും ഇത്രയം ആശയകുഴപ്പം ഉണ്ടാകാന്‍ കാരണം ആരോഗ്യ മന്ത്രി തന്നെയാണ്. ഓര്‍ഡിനന്‍സ് മൂന്നു തവണ തിരുത്തി ഇറക്കി. വലിയ മണ്ടത്തരങ്ങളാണ് സര്‍ക്കാര്‍ കാണിക്കുന്നത്. അവസാനം വിഷയം കോടതിയുടെ മുന്നിലെത്തിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശയ കുഴപ്പത്തിലാണ്. കൊള്ളാവുന്ന ആരെയെങ്കിലും ആരോഗ്യ വകുപ്പ് ഏല്‍പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കകള്‍ വേണ്ട. മാനേജ്മെന്‍റുകള്‍ ഒരു ഭാഗത്ത് സര്‍ക്കാറുമായി സഹകരിക്കുമ്പോള്‍ തന്നെ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


Post A Comment: