ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കൊച്ചി: ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കുശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഹൈക്കോടതി നടത്തിയത് വസ്തുനിഷ്ഠമായ വിലയിരുത്തലാണ്. പിണറായിയെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. രാഷ്ട്രീയ നേതൃരംഗത്ത് നിന്ന് പിണറായിയെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കേസില്‍ ഉള്‍പ്പെടുത്തിയതിലൂടെ ലക്ഷ്യം വച്ചത്.
2005 ലെ യു ഡി എഫ് സര്‍ക്കാരാണ് കേസില്‍ പിണറായിയെ ഉള്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സി ബി ഐക്ക് കൈമാറിയത്. വിജിലന്‍സിന്റെ പരിശോധനയില്‍ കുറ്റവിമുക്തനായിരുന്നു പിണറായി. അതിനു ശേഷം ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തലേദിവസമാണ് ലാവ്ലിനില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.
എന്നാല്‍ അന്ന് അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരിന് സി പി എം പിന്തുണ പിന്‍വലിച്ചതിനു ശേഷമാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. വിചാരണക്കോടതിയുടെ വിധിയെ സാധൂകരിക്കുകയാണ് ഇപ്പോഴത്തെ ഹെക്കോടതി വിധി. പിണറായിയെ തിരഞ്ഞുപിടിച്ച്‌ പ്രതി ചേര്‍ത്ത സി ബി ഐക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗമായ ഒരാളെ കേസില്‍ പെടുത്തുന്നതിലൂടെ അഴിമതിക്കു കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയാണ് സി പി എം എന്ന പ്രതിഛായയെ തകര്‍ക്കാനുള്ള പ്രചാരവേലക്കാരുടെ ശ്രമത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: