കേരള സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളുടെ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളുടെ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. ആഗസ്റ്റ് 24ന് തൃശൂരിലാണ് മത്സരങ്ങള്‍ നടത്തുക. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ മക്കള്‍ക്കുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംഘാടകസമിതി ചെയര്‍മാനായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം എം കെ ബാലകൃഷ്ണനെയും കണ്‍വീനറായി ക്ഷേമനിധി ഓഫീസര്‍ കെ എസ് ഷാഹിതയേയും യോഗം തിരഞ്ഞെടുത്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ എസ് ഗോപിയാണ് ഖജാന്‍ജി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി മുന്‍ഭാഗ്യക്കുറി ആഫീസര്‍ ഡോ. എം എന്‍ വിനയകുമാറിനെയും കണ്‍വീനര്‍മാരായി ടി സുധാകരന്‍, പി എ ഷാജു, എന്നിവരെയും തിരഞ്ഞെടുത്തു. ഭക്ഷണകമ്മിറ്റി ചെയര്‍മാനായി എം ആര്‍ രാജന്‍, കണ്‍വീനറായി ബി എല്‍ ബാബു എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 7 മുതല്‍ 12 വരെ പ്രായമുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 12 മുതല്‍ 17 വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുക. കലാവിഭാഗത്തില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി, നാടന്‍പാട്ട്, സംഘഗാനം, കവിതാരചന, ചിത്രരചന, എന്നീ ഇനങ്ങളും കായികവിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളുമാണ് ഉള്ളത്. കായിക ഇനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം മത്സരിക്കണം. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് കലാമത്സരങ്ങള്‍ക്കുപുറമേ വടംവലി, സ്പൂണ്‍ ലെമണ്‍ റെയ്സ്, എന്നിവയും ഭാഗ്യക്കുറി ടിക്കറ്റ് തരംതിരിക്കല്‍, ഭാഗ്യക്കുറി വില്‍പന അനുഭവ വിവരണം, എന്നീ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി ആഗസ്റ്റ് 16. ഭാഗ്യക്കുറി സുവര്‍ണ്ണജൂബിലി സംസ്ഥാനതല മേളയും സെപ്തംബറില്‍ തൃശൂരില്‍ നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം ക്ഷേമനിധി ബോര്‍ഡ് അംഗം എം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ ബാബു എം പാലിശേരി, മറ്റു സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധീ ഓഫീസര്‍ കെ എസ് ഷാഹിത സ്വാഗതം പറഞ്ഞു.


 

Post A Comment: