ഭരണകക്ഷിയുടെയും കമ്പനികളുടെയും എതിര്‍പ്പ് തള്ളി തോട്ടഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം.
കോട്ടയം: ഭരണകക്ഷിയുടെയും കമ്പനികളുടെയും എതിര്‍പ്പ് തള്ളി തോട്ടഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം. അനധികൃതമായി സ്വകാര്യകുത്തകകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കുന്നതിനെതിരെ മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ വിയോജിപ്പ് അവഗണിച്ചാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഏറ്റെടുക്കലിനുള്ള കാരണങ്ങളും രാജമാണിക്യം വിശദീകരിക്കുന്നുണ്ട്
രാജമാണിക്യം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസെക്രട്ടറി ഭരണവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്. മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്റെ പ്രേതത്തെ പൂജിക്കുന്ന ചില ഐഎഎസ്‌കാരാണ് തോട്ടഭൂമി ഏറ്റെടുക്കുന്നതെന്ന് വാദിക്കുന്നതെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ സമാനമായ നിലപാടാണ്. എന്നാല്‍ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലും വിദേശ കമ്പനികളും സ്വകാര്യ വ്യക്തികളും കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജമാണിക്യത്തിന്റെ നിലപാട്
ഒഴിയാന്‍ അനുവദിച്ച കാലാവധി അവസാനിച്ച ഇടുക്കി പീരുമീട് താലൂക്കില്‍ പോപ്‌സണ്‍ന്റെ കൈയ്യിലുള്ള 6217 ഏക്കര്‍ അടിയന്തിരമായി സര്‍ക്കാറിലേയ്ക്കാക്കുകയായിരുന്നു ആദ്യ പടി. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കമ്പനിയ്ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സ്‌റ്റേ ഓര്‍ഡര്‍ ലഭിച്ചു. ഹാരിസണ്‍ മലയാളത്തിന്റേതുള്‍പ്പെടെ 44388 ഏക്കര്‍ ഭുമിയാണ് കഴിഞ്ഞ ദിവസങ്ങില്‍ ഏറ്റെടുത്തിരുന്നത്. തോട്ടം ഏറ്റെടുക്കുന്നതിലൂടെയുള്ള നഷ്ടം ഒഴിവാക്കുന്നതിലെ നഷ്ടം ഒഴിവാക്കുന്നതിനും തൊഴിലാളികള്‍ക്ക് സംരക്ഷണം ഒരുക്കാനുമുളള സമഗ്ര നിര്‍ദേശങ്ങളും രാജമാണിക്യത്തിന്റെ കത്തിലുണ്ട്
             

Post A Comment: