വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ അറസ്റ്റിലായി. സിയാറ്റിനില്‍ നിന്നും


ന്യൂയോര്‍ക്ക്: വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ അറസ്റ്റിലായി. സിയാറ്റിനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത വിജയകുമാര്‍ കൃഷ്ണപ്പ (28)യെയാണ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത സീറ്റിലിരുന്ന 16 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു നടപടി.
ജൂലൈ 24ന് തൊട്ടടുത്ത സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി എയര്‍ഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റി അധികൃതര്‍ പ്രശ്‌നത്തിന് താല്‍കാലികമായി പരിഹാരം കാണുകയായിരുന്നു.
പിന്നീട്, യാത്രക്ക് ശേഷം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പെണ്‍കുട്ടി മാതാപിതാക്കളോട് തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിമാന ജോലിക്കാര്‍ സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ ജാമ്യത്തില്‍ വിട്ടു. വിദേശ ഡോക്ടറുടെ ആറുമാസ മെഡിക്കല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ അമേരിക്കയില്‍ എത്തിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

Post A Comment: