പേരറിയാത്തതും മണമില്ലാത്തതുമായ കാട്ടു പൂക്കള്‍വരെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു
മലയാളി മനസ്സില്‍ കരിനിഴല്‍ പടര്‍ത്തിയ കള്ളകര്‍ക്കിടകം പെയ്‌തൊഴിഞ്ഞു.. ഇടനെഞ്ചില്‍ കൊയ്ത്തു പാട്ടിന്റെ ഈണം അലയടിക്കുന്ന ചിങ്ങപ്പുലരി ഉദിച്ചുയര്‍ന്നു. ഇന്ന് ചിങ്ങം 1. മലയാളിക്കര പൊന്‍പുലരിയെ വരവേറ്റു . സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പാടത്ത് പൊന്‍കതിര്‍ വിളഞ്ഞു നില്‍ക്കുന്ന സമൃദ്ധിയുടെ കാലം.. അരഒട്ടിയ കര്‍ഷകന്റെ മടിത്തട്ടില്‍ പുത്തന്‍ പണം നിറയുകയും പഞ്ഞം മാറി ഇല്ലത്തെ അറകള്‍ നിറയുന്ന പൊന്നോണക്കാലം. കാര്‍മുഖില്‍ പെയ്‌തൊഴിഞ്ഞ മാനത്തിന് പൊന്‍തിളക്ക മേകുന്ന പൊന്‍പുലരിക്കാലം
നനുത്ത ഇടവഴിയോരത്ത് വിരിയാന്‍ കൊതിച്ചു നില്‍ക്കുന്ന തുമ്പയും മുക്കൂറ്റിയും.. പേരറിയാത്തതും മണമില്ലാത്തതുമായ കാട്ടു പൂക്കള്‍വരെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സമൃദ്ധിയുടെ ഓണം, ഒരുമയുടെ ഓണം, ഒത്തുചേരലിന്റെ ഓണം, അങ്ങനെ ഒരുപാടുണ്ട് നിര്‍വ്വജനങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ട ഗൃഹാതുരത്വ മുണര്‍ത്തുന്ന ഓര്‍മ്മകളുടെ ആകത്തുകയാണ് ഇന്നത്തെ ഓണം.. കാലമെത്ര കഴിഞ്ഞാലും എത്രതന്നെ മാറ്റത്തിന് വിധേയമായാലും ഓരോ മലയാളിയുടേയും മനസ്സില്‍ ആ ഓര്‍മ്മകളുടെ നിലയ്ക്കാത്ത അടിയൊഴുക്കുണ്ടാകും. മൂല്യങ്ങള്‍ പലതും കൈമാറിയ നാട്ടുമ്പുറങ്ങളും നാട്ടുകാരും... വര്‍ണനകള്‍ക്കും അപ്പുറമുള്ള അനുഭവങ്ങളും എല്ലാം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഓര്‍മ്മകള്‍ തന്നെ. ഇത്തരം ഓര്‍മ്മകളിലേക്കുള്ള ആദ്യ പടിയായി തന്നെയാണ് മലയാളിക്കര ചിങ്ങത്തെ വരവേല്‍ക്കുന്നത്.

Post A Comment: