കേരളത്തിലിതാദ്യമായി 3ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു
കൊച്ചി: കേരളത്തിലിതാദ്യമായി 3ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു. കൊല്ലം ഓച്ചിറ സ്വദേശി 19 കാരനായ മുരാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ സ്പൈന്‍ സര്‍ജറി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. കൃഷ്ണകുമാര്‍, ഡോ. മല്ലി, ഡോ. ജയ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. സ്പോണ്ടിലോപിഫിസീല്‍ ഡിസ്പ്ലാസിയ ടാര്‍ഡ എന്ന വളരെ വിരളമായി മാത്രം കണ്ടുവരുന്ന ജനിതകരോഗമാണ് മുരാരിയെ ബാധിച്ചിരുന്നത്. രണ്ടു ലക്ഷത്തില്‍ ഒരാളില്‍ മാത്രമാണ് ഈ രോഗം കണ്ടുവരുന്നത്. രോഗം മൂലം രോഗിയുടെ നട്ടെല്ലില്‍ അസാധാരണമായ വളര്‍ച്ചയും കഴുത്തിന്റെ ഭാഗത്ത് എല്ല് പുറത്തേക്ക് തള്ളി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നുവെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. 

കഴുത്തിലെ എല്ല് സ്ഥാനം തെറ്റി കിടക്കുന്നത് മൂലം നട്ടെല്ലില്‍ സമ്മര്‍ദ്ദമുണ്ടാകുകയും രോഗിക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലുകളുടെയും നട്ടെല്ലിന്റെ മുകള്‍ ഭാഗത്തെ രക്തധമനികളുടെയും അസാധാരണമായ അവസ്ഥ കാരണം സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ 3ഡി പ്രിന്റിങ് ടെക്നോളജി അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിടി സ്കാനും പ്രത്യേക സോഫ്റ്റ് വെയറും ഉപയോഗിച്ച്‌ 3ഡി പ്രിന്റിങ് ടെക്നോളജിയിലൂടെ രോഗിയുടെ നട്ടെല്ലിന്റെ കൃത്യമായ പകര്‍പ്പുണ്ടാക്കാന്‍ 32 മണിക്കൂറെടുത്തു. മനുഷ്യ ശരീരത്തിലെ സങ്കീര്‍ണവും അസാധാരണവുമായ പ്രശ്നങ്ങള്‍ മനസിലാക്കാനും ശസ്ത്രക്രിയ നടത്താനും 3ഡി പ്രിന്റിങ് ടെക്നോളജി ഏറെ സഹായകരമാണെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു.


Post A Comment: