പ്രളയക്കെടുതി തുടരുന്ന ബിഹാറിന് കേന്ദ്രസര്‍ക്കാറിന്റെ 500കോടി രൂപയുടെ ദുരിതാശ്വാസ സഹായം
പട്‌ന: പ്രളയക്കെടുതി തുടരുന്ന ബിഹാറിന് കേന്ദ്രസര്‍ക്കാറിന്റെ 500കോടി രൂപയുടെ ദുരിതാശ്വാസ സഹായം. പ്രളയത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷംരൂപ ആശ്വാസ ധനസഹായം ലഭിക്കും. ദുരിതബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രളയക്കെടുതി വിലയിരുത്താന്‍ അടുത്തുതന്നെ ഒരു കേന്ദ്രസംഘം ബിഹാര്‍ സന്ദര്‍ശിക്കും. കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് തുക കൈമാറാന്‍ പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളോട് ആശ്യപ്പെട്ടു.
പ്രളയം ഉണ്ടാക്കിയ ദുരന്തത്തില്‍ 150ല്‍ അധികം പേര്‍ മരിച്ചിരുന്നു. 17 ജില്ലകളിലായി ഒരു കോടിയോളം ജനങ്ങള്‍ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നതായാണ് ഔദ്യോഗിക വിവരം.
ബിഹാറിന്റെ വടക്കന്‍കിഴക്കന്‍ മേഖലകളിലാണു പ്രളയം രൂക്ഷമായത്. നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള 105 ഗ്രാമങ്ങള്‍ ഭാഗികമായും 35 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. അരാറിയ, പശ്ചിമ ചമ്പാരന്‍, സിതമര്‍ഹി, മധുഭാനി, കട്ടിഹാര്‍, കിഷന്‍ഗഞ്ച്, കിഴക്കന്‍ ചമ്പാരന്‍, സുപുവാല്‍, പുരുനിയ, മധേപുര, ദര്‍ബഹങ്ക, ഗോപാല്‍ഗഞ്ച്, സഹര്‍ഷ, കഗാരിയ, ഷെഹോര്‍, സരന്‍, മുസഫര്‍പുര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Post A Comment: