രാജ്യത്ത്​ അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്​ രാജിവെക്കാന്‍ തയാറാണെന്ന്​ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്​ പ്രഭു
ദില്ലി: രാജ്യത്ത്​ അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്​ രാജിവെക്കാന്‍ തയാറാണെന്ന്​ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്​ പ്രഭു. പ്രധാനമന്ത്രി ന​രേന്ദ്രമോദിയെ നേരിട്ട്​ കണ്ട്​ രാജി സന്നദ്ധത അറിയിച്ചതായും സുരേഷ്​ പ്രഭു വ്യക്തമാക്കി. എന്നാല്‍ അല്‍പം കൂടി കാത്തിരിക്കാനാണ്​ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്​.
''മൂന്നുവര്‍ഷമായി ഇന്ത്യന്‍ റെയിവേയുടെ പുരോഗതിക്ക്​ വേണ്ടി പ്രയത്​നിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യവസ്ഥാനുസാരമായ പരിഷ്​കാരങ്ങളിലൂടെ ദശകങ്ങളായി അവഗണിക്കപ്പെട്ട വിഭാഗങ്ങളില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്​. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന 'ന്യൂഇന്ത്യ' പദ്ധതിയിലൂടെ റെയില്‍വേ കാര്യക്ഷമവും ആധുനികവുമായ ഘടകങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്​. യാത്രക്കാര്‍ക്ക്​ ജീവന്‍ നഷ്​ടപ്പെടാനിടയായ ട്രെയിന്‍ അപകടങ്ങള്‍ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്​. അപകടങ്ങളുടെ ഉത്തരവാദിത്വം തനിക്കാണ്​. ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത്​ രാജി സന്നദ്ധത പ്രധാനമന്ത്രിയെ നേരിട്ട്​ കണ്ട്​ അറിയിച്ചു. എന്നാല്‍ അദ്ദേഹം കാത്തിരിക്കാനാണ്​ ആവശ്യപ്പെട്ടത്​''- സുരേഷ്​ പ്രഭു ട്വീറ്റുകളിലൂടെ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവെച്ചിരുന്നു. അപകടങ്ങള്‍ക്ക്​ കാരണായത്​ റെയില്‍വേ ബോര്‍ഡി​​െന്‍റ അനാസ്ഥയാണെന്ന്​ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്​ മിത്തല്‍ റെയില്‍വേ മന്ത്രിക്ക്​ രാജികത്ത്​ നല്‍കിയത്​. 
യു.പിയിലെ മുസാഫര്‍നഗറില്‍ ഉത്​കല്‍ എക്​സ്​പ്രസ്​ പാളം തെറ്റി 24 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക്​ പരി​ക്കേല്‍ക്കുകയും ചെയ്​ത സംഭവത്തില്‍ 12 ഉദ്യോഗസ്ഥരെ റെയില്‍വേ മന്ത്രാലയം സസ്​പെന്‍ഡ്​ ചെയിരുന്നു.

Post A Comment: