ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
ദില്ലി:  ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈപ്പ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവര്‍ തങ്ങളുടെ തൊഴിലാളികളല്ലെന്ന് ഡല്‍ഹി ജലവകുപ്പ് പറഞ്ഞു. ഇവര്‍ എങ്ങനെയാണ് ജോലിക്കെത്തിയതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ആദ്യം വൃത്തിയാക്കാനിറങ്ങിയയാള്‍ തിരിച്ചു കയറാത്തതിനെ തുടര്‍ന്ന് അടുത്തയാള്‍ പൈപ്പിനകത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. രണ്ടു പേരെയും കാണാത്തതു കൊണ്ടാണ് മൂന്നാമന്‍ ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. പിന്നീട് കോണ്‍ട്രാക്ടര്‍ നാലാമതൊരു തൊഴിലാളിയെ കൂടി കയറില്‍ കെട്ടി പൈപ്പിനകത്തേക്കിറക്കുകയായിരുന്നു. ഇയാള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ വലിച്ച് കയറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
അതിനിടെ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാറിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. സംഭവം ലഫ്റ്റനന്റ ഗവര്‍ണര്‍ നേരിട്ട് അന്വേഷിക്കണമെന്നും ബി.ജെ.പി നേതാവ് മനോജ് തിവാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ നാല് ശുചീകരണ തൊഴിലാളികള്‍ സമാന രീതിയില്‍ മരിച്ചിരുന്നു.

Post A Comment: