ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം
കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കി. മന്ത്രി കേസില്‍ കക്ഷിയല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സത്യസന്ധമായല്ല തീരുമാനങ്ങള്‍ എടുത്തത് എന്ന പരാമര്‍ശവും നീക്കി. മന്ത്രിയുടെ വാദങ്ങള്‍ കേള്‍ക്കാതെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ് പരാമര്‍ശം. കേസിന്റെ വിധിക്ക് മന്ത്രിക്കെതിരായ പരാമര്‍ശം അനിവാര്യമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട മറ്റു അപ്പീലുകള്‍ നാളെ പരിഗണിക്കും.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്ന് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നു. പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും ഇന്നലെ വീണ്ടും വിമര്‍ശനമാണ് ലഭിച്ചത്. സിംഗിള്‍ ബെഞ്ചില്‍ തന്നെ റിവിഷന്‍ ഹര്‍ജി നല്‍കിയാല്‍ പോരെയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതോടെ മന്ത്രിക്കെതിരെ സഭയിലും പുറത്തും പ്രതിപക്ഷ സമരം ശക്തമായി വരികയായിരുന്നു.
മന്ത്രിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചിരുന്നത്. കേസില്‍ അന്തിമ വിധി വരുന്നതിനു മുന്‍പ് നടത്തിയ വാക്കാലുള്ള പരാമര്‍ശത്തില്‍ രാജിയുടെ ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Post A Comment: