സിഗ്‌നല്‍ സംവിധാനത്തിന്റെ നവീകരണത്തിനായി സ്‌റ്റേഷന്‍ കെട്ടിടത്തില്‍ കാര്യമായ പൊളിച്ചുപണികള്‍ വേണ്ടിവരും
തൃശൂര്‍: പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ക്കു തുടക്കമായി. എംപി, എംഎല്‍എ ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെയാണ് വികസനം യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നത്. സി.എന്‍.ജയദേവന്‍ എംപിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന വികസന ഫണ്ട് അവലോകന യോഗത്തില്‍ ജില്ലാ ഭരണകൂടവും റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള വിഹിതമായ 50 ലക്ഷം രൂപ റെയില്‍വേയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ തറക്കല്ലിട്ട് നിര്‍മാണമാരംഭിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേ പദ്ധതിയിട്ടിട്ടുള്ളത്.

പ്രധാന പാതയില്‍നിന്നും ഗുരുവായൂരിലേക്കുള്ള പാത തിരിയുന്ന സ്‌റ്റേഷനെന്ന നിലയില്‍ പൂങ്കുന്നത്തെ സിഗ്‌നല്‍ സംവിധാനം സങ്കീര്‍ണമാണ്. നിലവില്‍ സ്ലൈഡിംഗ്കംപാനല്‍ സിഗ്‌നല്‍ സംവിധാനമാണ് പൂങ്കുന്നത്തു പ്രവര്‍ത്തിക്കുന്നത്. അതു പൂര്‍ണമായും മാറ്റി കംപ്യൂട്ടര്‍ നിയന്ത്രിത റൂട്ട് റിലേ ഇന്റര്‍ ലോക്കിംഗ് സമ്പ്രദായത്തിലേക്കു മാറ്റാനാണ് റെയില്‍വേയുടെ തീരുമാനം. അതു നിലവില്‍ വരുന്നതോടെ സ്‌ക്രീനിലെ ഒരു ക്ലിക്കിലൂടെ ഗതാഗതം നിയന്ത്രിക്കാന്‍ കഴിയും. മാനുവല്‍ സിസ്റ്റം ഒരു ബദലായി എപ്പോഴുമുണ്ടാകുകയും ചെയ്യും. 
സിഗ്‌നല്‍ സംവിധാനത്തിന്റെ നവീകരണത്തിനായി സ്‌റ്റേഷന്‍ കെട്ടിടത്തില്‍ കാര്യമായ പൊളിച്ചുപണികള്‍ വേണ്ടിവരും. ജനപ്രതിനിധികളുടെ ഫണ്ടുകൂടി ഉപയോഗിച്ച് യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദിഷ്ട പദ്ധതി. ഇതനുസരിച്ച് സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കു പ്രത്യേക മുറിയും ബുക്കിംഗ് ഓഫീസും ഉണ്ടാകും. കൂടുതല്‍ കൗണ്ടറുകളോടെ പ്രത്യേക റിസര്‍വേഷന്‍ കേന്ദ്രവും പൂങ്കുന്നത്ത് ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്.

Post A Comment: