മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32ആയി


മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32ആയി. 15 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വെള്ളപ്പൊക്ക ദുരിതത്തിനുപിന്നാലെയാണ് മുംബൈ നഗരത്തെ നടുക്കികൊണ്ട് അഞ്ചുനില കെട്ടിടം തകര്‍ന്നുവീണത്. ഇന്നലെ രാവിലെ 8.40ഓടെയാണ് ദക്ഷിണ മുംബൈയിലെ ദോംഗ്രി മേഖലയിലെ ഭെണ്ഡി ബാസാറിലെ 117 വര്‍ഷം പഴക്കമുള്ള അഞ്ചു നിലകളിലുള്ള പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണത്. 47 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
12 കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കെട്ടിടത്തില്‍ ഒരു പ്ലേ സ്‌കൂള്‍ ഉണ്ടായിരുന്നെങ്കിലും തകര്‍ന്നുവീഴുമ്പോള്‍ കുട്ടികളാരും ഈ സമയം ഇവിടെ എത്തിയിരുന്നില്ല.
ഏതാണ്ട് 125 അഗ്‌നിശമനസേനാംഗങ്ങളും 90 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെട്ടിടം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

Post A Comment: