തുറവൂരില്‍ ചതുപ്പില്‍ നിന്നും രക്ഷിച്ച ആനയെ ഇന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റില്ലെന്ന് ആലപ്പുഴ ഡി.എം.ഒ അറിയിച്ചു

ആലപ്പുഴ: തുറവൂരില്‍ ചതുപ്പില്‍ നിന്നും രക്ഷിച്ച ആനയെ ഇന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റില്ലെന്ന് ആലപ്പുഴ ഡി.എം.ഒ അറിയിച്ചു. വനംവകുപ്പ് ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ഇക്കാര്യം നാളെ തീരുമാനിക്കും. ആന പൂര്‍ണമായും മെരുങ്ങാത്ത സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം ഇപ്പോള്‍ ആനയെ തളച്ചിരിക്കുന്ന തെങ്ങ് വലിയ ബലമില്ലാത്തതാണ്. കാലുകള്‍ ചെളിയില്‍ താഴ്ന്ന നിലയിലാണ്. സംഭവസ്ഥലത്തേക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ആക്ഷേപമുണ്ട്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് കഴിഞ്ഞ ദിവസം ഇടഞ്ഞത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസം മുന്‍പ് കൊണ്ടുപോയ ആന തിരികെ ലോറിയില്‍ കൊണ്ടുവരുന്ന വഴി ഇടയുകയായിരുന്നു. തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന വഴിയില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുകളും തകര്‍ത്തു. അതിനുശേഷമാണ് ആന അനന്തന്‍കരി പാടത്തേക്ക് ഓടിയത്. ഇതിനിടെ ചതുപ്പില്‍ ആന പുതഞ്ഞു പോകുകയായിരുന്നു. തുടര്‍ന്ന് 17 മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ചെളിക്കുണ്ടില്‍ നിന്നും കരകയറ്റിയ ആന വീണ്ടും ഇടയുകയും സമീപത്തെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. എന്നാല്‍ ആനയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Post A Comment: