ആമ്പല്ലൂരില്‍ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി

പുതുക്കാട്: ആമ്പല്ലൂരില്‍ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി. ലോറി വരുന്നതുകണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലനാരിഴക്ക് വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം ഉണ്ടായത്. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് പാഞ്ഞു വരികയായിരുന്നു. ലോറിയുടെ പുറകു ഭാഗം ചില യാത്രക്കാരുടെ ദേഹത്ത് തട്ടിയിരുന്നു. ഓടുന്നതിനിടെ ഡിവൈഡറില്‍ തട്ടി റോഡിലേക്ക് വീണ യാത്രക്കാര്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജിലെ എട്ട് പേര്‍ക്കും കൊടകര ശാന്തി നേഴ്‌സിംഗ് കോളേജിലെ 5 പേര്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു സ്ത്രീകളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനം നിയന്ത്രണം വിട്ട സമയത്ത് ബസ് സ്‌റ്റോപ്പിലും ഡിവൈഡറിലുമായി നൂറിലേറെ യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വാഹനം നിയന്ത്രണം വിട്ട സമയത്ത് ബസ് സ്‌റ്റോപ്പിലും ഡിവൈഡറിലുമായി നൂറിലേറെ യാത്രകാര്‍ ബസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയം ആമ്പല്ലൂര്‍ സെന്ററിലെ സിഗ്‌നല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മുന്‍പില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണം. ലോറിയുടെ വേഗം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പുതുക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Post A Comment: