ജില്ലയില്‍ അപകട പരമ്പര, വ്യത്യസ്ത അപകടങ്ങളില്‍ 4 പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂര്‍: ജില്ലയില്‍ അപകട പരമ്പര, വ്യത്യസ്ത അപകടങ്ങളില്‍ 4 പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അരിമ്പൂരില്‍ ബൈക്ക് ഗട്ടറില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ 2 പേര്‍ മരിച്ചു. അരിമ്പൂര്‍ സ്വദേശി 59 വയസുള്ള ശിവദാസ്, മണലൂര്‍ സ്വദേശി 42 വയസുള്ള പ്രതീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം. ഗട്ടറില്‍ വീണ് തെറിച്ച ബൈക്കിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. കൂര്‍ക്കഞ്ചേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കൂര്‍ക്കഞ്ചേരി മനവഴി ചേവന്‍കുഴി വീട്ടില്‍ ഫൈസലാണ് മരിച്ചത്. മറ്റൊരു ബൈക്കു യാത്രികനായ നെടുപുഴ സ്വദേശി മുത്താരന്‍ വീട്ടില്‍ സിജുവിന് സാരമായി പരിക്കേറ്റു. ഇയാള്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെ സിതാര ജംഗ്ഷനിലായിരുന്നു അപകടം. എതിര്‍ദിശകളിലായി വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫൈസലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കരുവന്നൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ബംഗ്ലാവ് കരുവന്നൂര്‍ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആറാട്ടുപുഴ കൊക്കിരിപ്പള്ളം സ്വദേശി പേച്ചേരി വീട്ടില്‍ 30 വയസുള്ള വിനു വില്‍സണാണ് മരിച്ചത്. എടക്കുളത്തെ ഭാര്യ വീട്ടില്‍ നിന്നു കരുവന്നൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. വിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post A Comment: