പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പുറകില്‍ കാറിടിച്ച് രണ്ട് വിദ്യാത്ഥികള്‍ മരിച്ചു

ചാലക്കുടി: പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പുറകില്‍  കാറിടിച്ച് രണ്ട് വിദ്യാത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം രാജഗിരി കോളെജിലെ എം.ബി.എ വിദ്യാത്ഥികളായ വടൂക്കുളം വല്ലാട്ട് സെബാസ്റ്റ്യന്റെ മകന്‍ 21 വയസുള്ള ബിമല്‍ സെബാസ്റ്റ്യന്‍, കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടില്‍ ഫിലിപ്പിന്റെ മകന്‍ 24 വയസുള്ള ക്രിസ്റ്റി മാത്യുഫിലിപ്പ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പഠിക്കുന്ന ചെങ്ങന്നൂര്‍ ആഞ്ഞിലിചുവട് ബ്ലെയ്‌സന്‍ വര്‍ഗീസ്, അന്നമനട പൂവ്വത്തുശ്ശേരി ഇരിമ്പന്‍ ജോസ് മാത്യു എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ബ്ലെയ്‌സന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി 12നായിരുന്നു അപകടം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് ഫെസ്റ്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബിമല്‍ സംഭവ സ്ഥലത്തും ക്രിസ്റ്റി ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്. ജോസ് മാത്യു ഓടിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ യാത്രക്കിടെ ഉറങ്ങിയെന്നാണ് സംശയിക്കുന്നത്. സംഭവം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന മറ്റു ലോറികളിലെ ഡ്രൈവര്‍മാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിനകം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post A Comment: