ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ വെള്ളിയാഴ്ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകും


കൊച്ചി : ഹൈക്കോടതി രണ്ടുവട്ടം തള്ളിയ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. ഗൂഢാലോചനാക്കുറ്റം മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചാണ് അപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് വ്യാഴാഴ്ച അഡ്വ. രാമന്‍പിള്ളവഴിയാണ് മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ ശനിയാഴ്ച പരിഗണിക്കും. അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ വെള്ളിയാഴ്ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണിത്. അറുപതു ദിവസമായി താന്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്കപ്പുറം ഒന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ വാദം. നടിയെ പീഡിപ്പിക്കുന്ന ചിത്രം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതുമാത്രമാണ് തനിക്കെതിരായ കുറ്റം. കേസിലെ മറ്റു പ്രതികളാണ് നടിയെ പീഡിപ്പിച്ചത്. തനിക്കെതിരെ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. നേരത്തെ രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ദിവസം ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. വെള്ളിയാഴ്ച രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ നാദിര്‍ഷാ ഹാജരാകണമെന്നും തിങ്കളാഴ്ചവരെ അറസ്റ്റ്ചെയ്യാന്‍ പാടില്ലെന്നുമാണ് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചത്. നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.


Post A Comment: