ഇന്തോനേഷ്യയിലെ ബാലിയിലെ അംഗഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചുജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയിലെ അംഗഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചു. കുറച്ചുദിവസമായി അഗ്നിപര്‍വ്വതം പുകയുന്ന സാഹചര്യത്തിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. അഗ്നിപര്‍വത മുഖത്തിന്‍റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്. പര്‍വ്വതത്തിന്റെ സീസ്മിക് എനര്‍ജി(ഭൂകമ്പത്തിന് കാരണമാകുന്ന ഊര്‍ജം) ഉയരുന്നതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന നിലയില്‍ ശക്തമായി പുകഞ്ഞുകൊണ്ടിരിക്കുകയാണ് അഗ്നിപര്‍വതമെന്നു അധികൃതര്‍ അറിയിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. പ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ക്കായി ടൗണ്‍ ഹാളുകളിലും സ്കൂളുകളിലുമാണ് താല്‍ക്കാലിക കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് അവസാനം മുതല്‍ ചെറിയ തോതിലുള്ള വിസ്ഫോടനങ്ങള്‍ പര്‍വ്വതത്തില്‍ നിന്നും ഉണ്ടാകുന്നുണ്ടായിരുന്നു. എന്നാല്‍ സെപ്തംമ്പര്‍ 14 ലോടുകൂടിയാണ് ഇതിന്റെ ശക്തി കൂടിയത്. ഏതാനും ദിവസങ്ങള്‍ക്കകം ഇത് പൊട്ടിത്തെറിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 3,000 മീറ്റര്‍ ഉയരത്തിലാണ് അംഗഗ് പര്‍വ്വതം സ്ഥിതിചെയ്യുന്നത്. ബാലിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രകൂടിയാണ് ഈ പ്രദേശം. 1963 ല്‍ ഇതില്‍ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ആയിരം ആളുകളാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സജീവ അഗ്നി പര്‍വ്വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 സജീവ അഗ്നിപര്‍വ്വതങ്ങളാണ് ഇവിടെയുള്ളത്.

Post A Comment: