വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് നിസഹകരണം പ്രഖ്യാപിച്ച്‌ ബിഡിജെഎസ്.





തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് നിസഹകരണം പ്രഖ്യാപിച്ച്‌ ബിഡിജെഎസ്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്നും ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഇന്ന് 11 മണിക്കാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കൂടി ബിഡിജെഎസ് നിസഹകരണം പ്രഖ്യാപിച്ചത് എന്‍ഡിഎയില്‍ നിന്നും കൂടുതല്‍ അകലുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.



Post A Comment: