ബൊഫോഴ്സ് കേസിലെ അന്തിമ വാദം ഒക്ടോബര്‍ രണ്ടാം വാരം തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി
ദില്ലി: ബൊഫോഴ്സ് കേസിലെ അന്തിമ വാദം ഒക്ടോബര്‍ രണ്ടാം വാരം തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. കേസില്‍ ഹിന്ദുജ സഹോദരന്മാര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതിയുടെ 2005 മേയ് 31ലെ വിധി ചോദ്യം ചെയ്താണ് അജയ് കുമാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.
ഒക്ടോബര്‍ 18ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായി 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടതോടെയാണ് സ്വകാര്യ വ്യക്തി ഹര്‍ജി സമര്‍പ്പിച്ചത്. കേസ് പുനപരിശോധിക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
ബൊഫോഴ്സ് പീരങ്കികള്‍ വാങ്ങുന്നതിന് ഇന്ത്യയുമായി കരാര്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേധാവികള്‍ക്ക് കോഴ നല്‍കിയിരുന്നുവെന്ന് സ്വീഡീഷ് അന്വേഷണ മേധാവി സ്റ്റെന്‍ ലിന്‍ഡ്സ്റ്റോമിനെ ഉദ്ധരിച്ച്‌ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്നാണ് ബി.ജെ.പി അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Post A Comment: