അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ ദിലീപ് കോടതിയെ സമീപിച്ചു.കൊച്ചി: അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ ദിലീപ് കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഈ മാസം ആറിനാണ് ദിലീപിന്റെ അഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമാണ്.
ജയിലിന്റെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലില്‍ നിന്നും പോലീസ് സംരക്ഷണത്തില്‍ ദിലീപിനെ വീട്ടില്‍ എത്തിക്കുകയും തിരിച്ച്‌ ജയിലില്‍ എത്തിക്കുകയും വേണം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പോലീസ് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്. സുരക്ഷ കൂടി ഉള്‍പ്പെടുന്ന പ്രശ്നമായതിനാല്‍ കോടതിയുടെ നിലപാടും മുഖ്യമാണ്. അപേക്ഷ കോടതി ഇന്നു തന്നെ പരിഗണിക്കും.

Post A Comment: