നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി ദിലീപ് സമീപിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും വാദമുയര്‍ത്തി പ്രോസിക്യൂഷന്‍ എതിര്‍ക്കും. ഈ മാസം 19നാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. ഹൈക്കോടതി കഴിഞ്ഞ രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ എന്തുമാറ്റമുണ്ടായെന്ന് വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.


Post A Comment: