നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതിയില്‍ ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതിയില്‍ ആരംഭിച്ചു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്‍റെ വാദം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ദിലീപിന്‍റെ മൂന്നാം ജാമ്യഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെ ഈ വാദങ്ങള്‍. ദിലീപിന്‍റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്താണ് പ്രോസിക്യൂഷന്‍റെ വാദം പുരോഗമിക്കുന്നത്. ജാമ്യാപേക്ഷ തള്ളണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പുതിയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്. മുന്‍ ജാമ്യഹര്‍ജികളെ എതിര്‍ത്തപ്പോള്‍ ഉന്നയിച്ച വാദങ്ങളും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപിന്‍റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് തന്‍റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്‍റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്‍റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്‍റെ വീഴ്ചയാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു. നേരത്തെ ഹൈക്കോടതി രണ്ട് തവണ ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Post A Comment: