നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷ ഉച്ചയോടെ ഹൈക്കോടതി പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും രണ്ട് തവണ ഹൈക്കോടതിയിലും ദിലീപ് ഇതിന് മുന്‍പ് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും കോടതി അത് തള്ളുകയും ചെയ്തിരുന്നു. അഡ്വ രാമന്‍പിള്ള വഴിയാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത്.
ദിലീപിന് എതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. അതെ സമയം കാവ്യ മാധവനും ദിലീപിനും എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഇരുവരുടെയും മൊഴികളില്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി തള്ളിയതും ഇതേ കോടതിയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മൊത്തത്തില്‍ നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നത്. അതേസമയം, കോടതി നിരീക്ഷണം പൂര്‍ണമായും അറിഞ്ഞ ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റംമാത്രമേ തനിക്കെതിരെ ചുമത്തിയിട്ടുള്ളൂ എന്നതായിരുന്നു ദിലീപ് മുഖ്യമായും ഉന്നയിച്ച വാദം. പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ജയിലില്‍ 60 ദിവസത്തോളം പിന്നിട്ടതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ഇത്തവണയും ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൂര്‍ണമായും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി എന്നതുമാത്രമല്ല ദിലീപിനെതിരായ കുറ്റമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ ഓരോ ഘട്ടത്തിലും ദിലീപ് ഇടപെട്ടിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഓരോ കാര്യത്തിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പള്‍സര്‍ സുനിക്കെതിരെ എന്തെല്ലാം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോ അതെല്ലാം ദിലീപിനെതിരെയും നിലനില്‍ക്കും. പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രോസിക്യൂഷന്റെ ഈ വാദങ്ങളും കോടതി അംഗീകരിച്ചു. ജൂലൈ 10 ന് അറസ്റ്റിലായ ദിലീപ് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

Post A Comment: