ജില്ലയില്‍ 700 കേന്ദ്രങ്ങളിലായാണ് പൊതുജന പങ്കാളിത്തത്തോടെ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

17 വയസില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ പ്രചാരണ പരിപാടിയില്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കുചേരുമെന്ന് കളക്ടര്‍ ഡോ.എ. കൗശികന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 700 കേന്ദ്രങ്ങളിലായാണ് പൊതുജന പങ്കാളിത്തത്തോടെ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് 3 മുതല്‍ നാലുവരെയാണ് കാമ്പയിന്‍ ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരുക്കുന്ന ജില്ലാതല ഉദ്ഘാടനം മേയര്‍ അജിത ജയരാജന്‍ നിര്‍വഹിക്കും. 500 സ്‌കൂളുകളിലും 50 കലാലയങ്ങളിലും ഗോളടി കേന്ദ്രമൊരുക്കും. ഗോള്‍കീപ്പര്‍ ഇല്ലാത്ത ഗോള്‍പോസ്റ്റില്‍ പെനാല്‍റ്റി കിക്കെടുത്താണ് ഗോളടിക്കേണ്ടത്. ഗോളുകളുടെ എണ്ണം മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തും. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം പിടിക്കാനാകും വിധമാണ് വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. റോള്‍ ദി ബോള്‍, ദീപശിഖാ പ്രയാണം എന്നീ പ്രചാരണ പരിപാടികളും ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. കായിക-കല-ചിത്ര സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രചാരണ പരിപാടികളില്‍ അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ കളക്ടറോടൊപ്പം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, സെക്രട്ടറി എ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Post A Comment: