എഴുത്ത് പടവാളാക്കിയ ധീര വനിതയായിരുന്നു ഗൗരി ലങ്കേഷ്
എഴുത്ത് പടവാളാക്കിയ ധീര വനിതയായിരുന്നു ഗൗരി ലങ്കേഷ്. ആശയങ്ങള്‍ തുറന്നടിച്ചു പറയുന്നതില്‍ അവര്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്ന് വിമര്‍ശിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഏവരുടെ അവസാനത്തെ ട്വീറ്റ് തന്നെ ഈ നിലപാട് വിളിച്ചോതുന്നതായിരുന്നു. 
റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ച ആശങ്കയും നിരന്തരം വേട്ടയാടുന്നതിന്റെ വേദനയുമായിരുന്നു അവര്‍ അവസാന ട്വീറ്റില്‍ കുറിച്ചിട്ടത്. നിരവധി ഹിന്ദുക്കള്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളാല്‍ കൊല്ലപ്പെട്ടതായ വ്യാജ പോസ്റ്റുകളെ തുറന്നുകാട്ടുന്നതായിരുന്നു ട്വീറ്റ്.
2008ല്‍ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗൗരി ലങ്കേഷ് ശ്രദ്ധേയയാവുന്നത്. ഈ വാര്‍ത്തയെത്തുടര്‍ന്ന് പ്രഹ്ലാദ് ജോഷി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആറു മാസം തടവും 10,000 രൂപ പിഴയും ഗൗരിക്ക് കോടതി വിധിച്ചു. പിന്നീട് ജാമ്യം കിട്ടി.
55 കാരിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് വിപ്ലവം. പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മൂത്ത മകളായിരുന്നു ഗൗരി. കന്നഡയില്‍ മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ വഴി തുറന്നിട്ടയാളായിരുന്നു അദ്ദേഹം.
2005ല്‍ പിതാവ് ആരംഭിച്ച ലങ്കേഷ് പത്രികഎന്ന ടാബ്ലോയിഡ് മാഗസിനില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഗൗരി. സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്നു ഇവര്‍. പിന്നീട് 2000ത്തില്‍ ലങ്കേഷിന്റെ മരണ ശേഷം ടാബോലോയിഡ് രണ്ടായി പിരിഞ്ഞു. ലങ്കേഷ് പത്രിക എന്ന പേരില്‍ സഹോദരനും ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരിയും രംഗത്തിറങ്ങി.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകമെന്നത് വ്യക്തമാണ്. ഓഫീസില്‍ നിന്ന് വീടു വരെ അക്രമികള്‍ അവരെ പിന്തുടര്‍ന്നിരിക്കാമെന്നാണ് കരുതേണ്ടത്. ബംഗളൂരു പബോസലിസ് ജാഗരൂകരായിരുന്ന സമയത്താണ് കോലപാതകം നടന്നതെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. ബി.ജെ.പിയുടെ മംഗളൂരു ചലൊ റാലി മുന്‍ നിര്‍ത്തി നിരത്തുകളില്‍ കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു ആ സമയത്ത്.
ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ വെടിയുണ്ടക്കിരയായ പുരോഗമന ചിന്തകന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം. 2015 ഓഗസ്റ്റ് 31ന് കല്‍ബുര്‍ഗിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തിന് സമാന രീതിയിലാണ് ഈ കൊലപാതകവുമെന്നത് ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്. തീവ്രഹിന്ദുത്വത്തിനെതിരെ മൗനം പാലിക്കണമെന്ന താക്കീതിലേക്കാണ് ഈ സംഭവവും വിരല്‍ ചൂണ്ടുന്നത്.

Post A Comment: