അടുത്ത ആറു മാസത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ പാലുവായ് ഇടവഴിപുറത്ത് മന ഇ.പി.കൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂര്‍: അടുത്ത ആറു മാസത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ പാലുവായ് ഇടവഴിപുറത്ത് മന ഇ.പി.കൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. 52 വയസ്സുകാരനായ കൃഷ്ണന്‍ നമ്പൂതിരി ഇതാദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗുരുവായൂര്‍ പാലുവായ് വിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാരനായി പ്രവര്‍ത്തിച്ചു വരികയാണ്. കൃഷ്ണന്‍ നമ്പൂതിരി ഒക്ടോബര്‍ ഒന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. അതുവരെ ക്ഷേത്രത്തില്‍ ഭജനയിരിക്കും. മാര്‍ച്ച്‌ മാസം വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു ഇതെന്ന് നിയുക്തമേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ക്ഷേത്രം മേല്‍ശാന്തിയായി അപേക്ഷിക്കാന്‍ 55 വയസ്സുവരെ പാടുള്ളൂ എന്നതിനാല്‍ ഇതൊരു സൗഭാഗ്യമായാണ് കൃഷ്ണന്‍ നമ്പൂതിരി കാണുന്നത്. ഷൊര്‍ണൂര്‍ ആനാരി പരമേശ്വരന്‍ നമ്പൂതിരി ദേവകി അന്തര്‍ജ്ജനത്തിന്റേയും മകനാണ് കൃഷ്ണന്‍ നമ്പൂതിരി. ഭാര്യ സുജാത അന്തര്‍ജ്ജനം. മകന്‍ ശ്രീരാജ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് ക്ഷേത്രം കൊടിമരത്തിനുമുന്നിലായിരുന്നു തിരഞ്ഞെടുപ്പ്. ആകെയുള്ള 54 അപേക്ഷകരില്‍ 33 പേരാണ് ഹാജരായത്. അതില്‍ നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.


Post A Comment: